ന്യൂഡൽഹി: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കോളേജ് അധ്യാപകൻ ഡോ. എം.കെ. കൊടണ്ട റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
വിദ്യാർഥിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. അധ്യാപകർ വിദ്യാർഥികളെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയാൽ അതിന് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കേരള ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് ഡോ. റാം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണയുൾപ്പെടെയുള്ള കുറ്റങ്ങളും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

