ഹാനോയ്: തെക്കൻ വിയറ്റ്നാമിലെ ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ്ബോട്ട് മറിഞ്ഞ് 15 പേർ മരിച്ച സംഭവത്തിൽ ബോട്ടിന്റെ ക്യാപ്റ്റനെ പൊലീസ് അറസ്റ്റ് ചെയ്തു. ജലഗതാഗത സുരക്ഷാ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ക്യാപ്റ്റനെതിരെ ചുമത്തിയിരിക്കുന്നത്.
32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് വിയറ്റ്നാം ജീവനക്കാരുമടങ്ങിയ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. ഹോൺ മായ് റട്ട് എൻഗോയ് ദ്വീപിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ശക്തമായ തിരമാലകളിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. 16 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായി വിയറ്റ്നാം അധികൃതർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

