കൊച്ചി നഗരത്തിന്റെ പൊതുഗതാഗത സംവിധാനത്തിന് പുതിയ കരുത്തേകാൻ നഗരസഭയുടെ മൂന്നാമത് റോ-റോ വെസലായ ‘സേതുസാഗർ 3’ സജ്ജമായി. വൈപ്പിൻ ബോട്ട് ജെട്ടിയിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വെസലിന്റെ ഉദ്ഘാടനം നിർവഹിച്ചു. പശ്ചിമ കൊച്ചിയിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതൽ സുഗമവും ആധുനികവുമാക്കാൻ പുതിയ വെസലിന്റെ വരവ് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരസഭയുടെ ഈ മികച്ച ചുവടുവെപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.
കൊച്ചിയിലെ വികസന പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി ചടങ്ങിൽ പരാമർശിച്ചു. നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 190 എം.എൽ.ഡി ശേഷിയുള്ള ജലപദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ, ഫോർട്ട് കൊച്ചി ബീച്ചിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായുള്ള നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഓഷ്യനേറിയം, ഫിലിം സിറ്റി, രാജ്യാന്തര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയം തുടങ്ങിയ ബൃഹത്തായ പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പൊതുഗതാഗത രംഗത്തെ വലിയ മാറ്റങ്ങൾക്കായി കേന്ദ്ര സർക്കാരിന് പ്രത്യേക പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ യാത്ര സൗജന്യമാക്കിക്കൊണ്ട് നഗരസഭ കൈക്കൊണ്ട തീരുമാനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന സാമ്പത്തിക ലാഭം അവരുടെ സ്വന്തം സമ്പാദ്യമായി മാറ്റിവെക്കണമെന്നും, ഇതിനായി കെ.എസ്.എഫ്.ഇ വഴി ഒരു പിങ്ക് ചിട്ടി ആരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിൽ സ്ത്രീകളുടെ ആത്മവിശ്വാസവും അഭിമാനവും വളർത്താൻ ഇത്തരം സമ്പാദ്യങ്ങൾ സഹായിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊച്ചി മേയർ വി.കെ. മിനിമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, ടി.ജെ. വിനോദ്, ദീപക് ജോയ്, കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജ, സി.എസ്.എം.എൽ സി.ഇ.ഒ അരുൺ എൻ. നായർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സി.എം.ഡി വി.ജെ. ജോസ്, റവ. ഡോ. ആന്റണി കാട്ടിപറമ്പിൽ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

