തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമായി, ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി വൻ ഇളവുകൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. സ്വകാര്യ ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് സർക്കാർ ഔദ്യോഗിക അനുമതി നൽകി. സ്വകാര്യ ബസ് ഉടമകളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചും, പുതിയ ഗതാഗത നയത്തിന്റെ ഭാഗമായുമാണ് ഈ തീരുമാനം.
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെത്തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ വരുമാന നഷ്ടം നേരിട്ടിരുന്നു. ഈ സാമ്പത്തിക ആഘാതം മറികടക്കാനും സർവീസുകൾ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാനും പരസ്യ വരുമാനം സഹായിക്കുമെന്ന് ബസ് ഉടമകളുടെ സംഘടനകൾ പ്രതീക്ഷിക്കുന്നു. കെ.എസ്.ആർ.ടി.സിയിൽ ദീർഘകാലമായി പരസ്യങ്ങൾ അനുവദിക്കാറുണ്ടെങ്കിലും, സ്വകാര്യ ബസുകളുടെ പുറത്ത് വിപുലമായ രീതിയിൽ പരസ്യം പതിപ്പിക്കാൻ അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്.
‘പ്രിയദർശിനി’ പദ്ധതി മൂലം ബസ് മേഖലയിലുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൃത്യമായ പഠനം നടത്തുന്നതിനായി ബി. പത്മകുമാർ ചെയർമാനും ഡോ. ശ്രീദേവി വൈസ് ചെയർപേഴ്സണുമായുള്ള പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. ഈ സമിതി 45 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ടിക്കറ്റ് ഇതര വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്ന നേരത്തെയുള്ള മന്ത്രിയുടെ നിർദ്ദേശത്തിന്റെ തുടർച്ചയായാണ് ബസുകളിൽ പരസ്യങ്ങൾ പതിപ്പിക്കാൻ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. സ്വകാര്യ ബസ് മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സമഗ്രമായ ഗതാഗത നയം ഉടൻ നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

