ആറന്മുള വള്ളസദ്യയും ഉത്രട്ടാതി ജലമേളയും; ഔദ്യോഗിക ലോഗോ ക്ഷണിച്ചു

പത്തനംതിട്ട: ഈ വർഷത്തെ ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള – 2026 എന്നിവയ്ക്കായി പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ഔദ്യോഗിക ലോഗോ ക്ഷണിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ഓരോ വ്യക്തിക്കും ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാനാകൂ. ഗ്രൂപ്പ് എന്‍ട്രികളോ സ്ഥാപനങ്ങളുടെ പേരിലുള്ള എന്‍ട്രികളോ ഇതിനായി പരിഗണിക്കുന്നതല്ല.

ലോഗോയില്‍ ആറന്മുള വള്ളസദ്യ, ആറന്മുള ഉത്രട്ടാതി വള്ളംകളി, പള്ളിയോടങ്ങള്‍, ഭക്തി, പാരമ്പര്യം, സാംസ്‌കാരിക പൈതൃകം എന്നവയിലേതങ്കിലും പ്രതിഫലിക്കുന്ന തരത്തിലായിരിക്കണം രൂപകൽപ്പന ചെയ്യേണ്ടത്. കൂടാതെ ‘ആറന്മുള വള്ളസദ്യ 2026’ എന്ന വാചകം ഇംഗ്ലീഷിലോ മലയാളത്തിലോ ലോഗോയില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയിരിക്കണം.

ഡിജിറ്റല്‍ രീതിയില്‍ രൂപകല്‍പന ചെയ്യുന്ന ലോഗോകൾ JPEG അല്ലെങ്കിൽ PNG ഫോര്‍മാറ്റില്‍ വേണം സമര്‍പ്പിക്കാന്‍. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ സോഴ്‌സ് ഫയല്‍ അല്ലെങ്കില്‍ എഡിറ്റ് ചെയ്യാവുന്ന സമാന ഫോര്‍മാറ്റ് പിന്നീട് സമര്‍പ്പിക്കേണ്ടതുണ്ട്. ലോഗോ കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലും ഒരുപോലെ വ്യക്തതയോടെ ഉപയോഗിക്കാന്‍ കഴിയുന്നതും പോസ്റ്ററുകള്‍, ബ്രോഷറുകള്‍, ഔദ്യോഗിക രേഖകൾ, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ, സുവനീറുകള്‍, ക്യാപ്പുകള്‍, ഡിജിറ്റല്‍ മീഡിയ, മെമന്റോകള്‍ തുടങ്ങിയവയിൽ ഉപയോഗിക്കാൻ അനുയോജ്യവുമായിരിക്കണം. ലോഗോയുടെ ആശയവും പ്രതീകാത്മകതയും വിശദീകരിക്കുന്ന പരമാവധി 150 വാക്കുകളില്‍ ഒതുങ്ങുന്ന കണ്‍സപ്റ്റ് നോട്ടും എന്‍ട്രിയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം.

മികച്ച ലോഗോയായി തിരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിയുടെ ഉടമയ്ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് സമ്മാനമായി നല്‍കും. എന്‍ട്രികള്‍ ജൂലൈ 16 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പത്തനംതിട്ട ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കാര്യാലയത്തിലോ ptadtpc@yahoo.co.in എന്ന ഇമെയിൽ വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്. മത്സരത്തിന്റെ നിബന്ധനകൾക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസുമായോ 0468 2311343, 9447709944 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *