തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് സ്റ്റോപ്പുകളിൽ കാത്തിരിക്കുന്ന യാത്രക്കാരെ വലയ്ക്കുന്ന സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ശക്തമായ ഇടപെടൽ. ആളുകൾക്ക് ഒന്നു നേരെ ചൊവ്വേ ഇരിക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള ഇത്തരം അശാസ്ത്രീയമായ ഇരിപ്പിടങ്ങൾ മാറ്റുന്നതിനായി അടിയന്തരമായി സാധ്യത പഠനം നടത്തണമെന്ന് കമ്മിഷൻ പൊതുമരാമത്ത് വകുപ്പിന് (PWD) കർശന നിർദ്ദേശം നൽകി.
ബസ് സ്റ്റോപ്പുകളിലെ ഈ സ്റ്റീൽ പൈപ്പ് നിർമ്മിതികൾ യാത്രക്കാരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും നടുവേദനയ്ക്കും കാരണമാകുന്നു എന്ന വ്യാപകമായ പരാതികളെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ ഈ നിർണായക നടപടി. പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് കമ്മിഷൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

