സിഡ്നി: തന്റെ കാറിൽ രഹസ്യമായി ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടെന്ന കാര്യം അറിയാതെ പുറത്തേക്കിറങ്ങിയ കാർ പ്രേമിയായ മുപ്പത്തഞ്ചുകാരനെ വീടിന്റെ ഡ്രൈവ് വേയിൽ വെടിവെച്ചു കൊന്നു. സിഡ്നിയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ കാർലിങ്ഫോർഡിലെ നോർത്ത് റോക്സ് റോഡിലുള്ള വീടിന് മുന്നിലാണ് സംഭവം. ജാക്ക് ചുങ് (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ 5:30-ഓടെ തന്റെ ഹ്യുണ്ടായ് കാറിൽ കയറുന്നതിനിടെയാണ് ജാക്കിന് നേരെ നിരവധി തവണ വെടിയുതിർത്തത്. സംഭവം നടന്ന് 1.5 മണിക്കൂറിന് ശേഷം ജോലി ആവശ്യത്തിനായി ഇവിടെയെത്തിയ തൊഴിലാളികളാണ് കാറിനുള്ളിൽ അബോധാവസ്ഥയിലായ നിലയിൽ ജാക്കിനെ കണ്ടെത്തിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ജാക്ക് ചുങ്ങിന്റെ കാറിനടിയിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചതായി ഡിറ്റക്റ്റീവുകൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ അധോലോക ബന്ധങ്ങളുണ്ടോയെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ജാക്കിന് മുൻപ് അനധികൃത തോക്ക് കൈവശം വെച്ചതിന് കോടതി കേസുണ്ടായിരുന്നെങ്കിലും വലിയ കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ജാക്കിന് മറ്റ് ക്രിമിനൽ സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ഇയാളുടെ സഹോദരൻ സിഡ്നിയിലെ കുപ്രസിദ്ധമായ ‘കൊക്കനട്ട് കാർട്ടൽ’ (Coconut Cartel) എന്ന ക്രിമിനൽ സംഘത്തിലെ അംഗമാണെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. സംഭവസമയത്ത് തായ്ലൻഡിൽ അവധി ആഘോഷത്തിലായിരുന്ന ജാക്കിന്റെ മാതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. സൗമ്യനായ അയൽക്കാരനായിരുന്നു ജാക്കെന്നും ഈസ്റ്റൺ ക്രീക്കിൽ സ്വന്തം കാറുമായി റേസിങ്ങിന് പോകുന്നതായിരുന്നു ഇയാളുടെ വിനോദമെന്നും പ്രദേശവാസികൾ ഞെട്ടലോടെ ഓർക്കുന്നു

