എൻഡിഐഎസിൽ നിന്നും ഒന്നരലക്ഷത്തോളം ഓട്ടിസം ബാധിതരെ ഒഴിവാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; വൻ ചെലവുചുരുക്കൽ നടപടിയെന്ന് ആക്ഷേപം

കാൻബറ: ഓസ്‌ട്രേലിയയുടെ ദേശീയ വൈകല്യ ഇൻഷുറൻസ് പദ്ധതിയായ എൻഡിഐഎസിൽ (NDIS) നിന്ന് ഓട്ടിസം ബാധിതരായ ഒന്നരലക്ഷത്തോളം പേരെ ഈ ദശകത്തിന്റെ അവസാനത്തോടെ ഒഴിവാക്കാൻ ഒരുങ്ങി ഫെഡറൽ സർക്കാർ. നിലവിൽ 5200 ശതകോടി ഡോളർ ചെലവ് വരുന്ന പദ്ധതിയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും, അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരിലേക്ക് മാത്രമായി ഇതിന്റെ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിനുമാണ് ഈ കടുത്ത നീക്കം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ ആഭ്യന്തര രേഖകൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

പുതിയ പരിഷ്കരണങ്ങൾ നടപ്പിലാകുന്നതോടെ ആകെ 2,41,000 ഗുണഭോക്താക്കൾക്ക് പദ്ധതിക്ക് പുറത്തുപോകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 60 ശതമാനത്തോളം (ഏകദേശം 1,44,600 പേർ) ഓട്ടിസമോ മറ്റ് വളർച്ചാ വൈകല്യങ്ങളോ ഉള്ളവരാണ്. ഇതിലും ആശങ്കാജനകമായ വസ്തുത, ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും (64 ശതമാനം) 18 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളാണെന്നതാണ്. നിലവിൽ എൻഡിഐഎസ് പദ്ധതിയിൽ ഏറ്റവും വേഗത്തിൽ വർദ്ധിച്ചുവരുന്ന വിഭാഗം ഓട്ടിസം ബാധിതരാണ്. ആകെ ഗുണഭോക്താക്കളുടെ 42 ശതമാനവും ഇവരാണ് താനും.

ഇടപെടലുകൾ നടത്തിയില്ലെങ്കിൽ പദ്ധതിയുടെ വാർഷിക ചിലവ് അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായി വർദ്ധിക്കുമെന്നും ഇത് നികുതിദായകർക്ക് വലിയ ഭാരമാകുമെന്നുമാണ് എൻഡിഐഎസ് മന്ത്രി മാർക്ക് ബട്‌ലർ വ്യക്തമാക്കുന്നത്. എന്നാൽ, പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന കൗമാരക്കാരായ കുട്ടികൾക്കായി മറ്റ് ബദൽ സംവിധാനങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അതേസമയം, ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ‘ത്രൈവിങ് കിഡ്‌സ്’ എന്ന പുതിയൊരു പദ്ധതി ഒക്ടോബറിൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ പുതിയ മാനദണ്ഡങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിച്ചേക്കാമെന്ന് പാർലമെന്ററി കമ്മിറ്റി തന്നെ മുന്നറിയിപ്പ് നൽകിയിട്ടും, പദ്ധതിയുടെ നിലനിൽപ്പിനായി ഈ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് ആൽബനീസ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *