ബഹിരാകാശത്തിലെ ആദ്യദിനം പഠനത്തിലും സുരക്ഷാ പരിശീലനത്തിലും; അനിൽ മേനോൻ ദൗത്യം ആരംഭിച്ചു

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) തന്റെ ആദ്യദിനം പഠനത്തിനും സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമാണ് ചെലവഴിച്ചത്. പുതിയ ക്രൂ അംഗങ്ങൾക്കായുള്ള സുരക്ഷാ നിർദേശങ്ങൾ സ്വീകരിച്ചശേഷം നിശ്ചിത സമയത്ത് വിശ്രമത്തിനായി പോയതായി നാസ അറിയിച്ചു.

ആദ്യദിനത്തിൽ വ്യക്തിഗത സാമഗ്രികൾ ക്രമീകരിച്ച അനിൽ മേനോൻ, ശ്വസന മാസ്‌കുകളും അഗ്നിബാധ പ്രതിരോധ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ പരിശോധനയിൽ സഹബഹിരാകാശ സഞ്ചാരികളായ വില്യംസിനെയും ഹാത്വേയെയും സഹായിച്ചു. തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും ഓരോ അംഗത്തിന്റെയും ചുമതലകളും സംബന്ധിച്ച അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് എംഎസ്-29 പേടകത്തിലായിരുന്നു അനിൽ മേനോനും റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവും അന്ന കികിനയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എട്ടുമാസം നീളുന്ന ദൗത്യത്തിനിടെ മനുഷ്യശരീരത്തിൽ സൂക്ഷ്മഗുരുത്വാകർഷണം ഉണ്ടാക്കുന്ന മാറ്റങ്ങൾ, പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ, മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങൾ എന്നിവയിൽ മേനോൻ പങ്കെടുക്കും. സംഘം 2027 ഏപ്രിലിൽ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് നിശ്ചയം.

Leave a Reply

Your email address will not be published. Required fields are marked *