ഇടുക്കി: മലങ്കര ഡാമിന്റെ അപ്സ്ട്രീം ഭാഗത്ത് കാഞ്ഞാർ പാലത്തിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് (PWD Bridges) നിർമ്മിച്ചുവരുന്ന നടപ്പാലത്തിന്റെ പിയർ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഡാമിലെ ജലനിരപ്പ് +37.00 മീറ്ററിലേക്ക് താഴ്ത്താൻ തീരുമാനിച്ചു. ഇടുക്കി എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
നിലവിൽ മലങ്കര ഡാമിലെ ജലനിരപ്പ് +38.36 മീറ്ററാണ്. ഇപ്പോൾ രണ്ട് ഷട്ടറുകൾ 150 സെന്റിമീറ്ററും ഒരു ഷട്ടർ 100 സെന്റിമീറ്ററും വീതം ഉയർത്തി തുറന്നിരിക്കുകയാണ്. ജലനിരപ്പ് നിശ്ചയിച്ച അളവിലേക്ക് താഴ്ത്തുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഡാമിലെ ആറ് ഷട്ടറുകളും ഘട്ടംഘട്ടമായി 200 സെന്റിമീറ്റർ വരെ ഉയർത്തി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
തൊടുപുഴ, മൂവാറ്റുപുഴ നദികളിലെ നിലവിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയിലും താഴ്ന്ന നിലയിലായതിനാൽ ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന അധികജലം സുരക്ഷിതമായി ഉൾക്കൊള്ളാൻ നദികൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
എന്നിരുന്നാലും, ഡാമിന്റെ ഡൗൺസ്ട്രീം ഭാഗങ്ങളിലെ നദീതീരവാസികൾ, മത്സ്യത്തൊഴിലാളികൾ, മണൽവാരൽ തൊഴിലാളികൾ, കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കായോ നദിയിലിറങ്ങുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ദുരന്തനിവാരണ സംവിധാനങ്ങളും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

