കാബൂൾ:അഫ്ഗാനിസ്ഥാന്റെ കിഴക്കൻ നൂറിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ കുറഞ്ഞത് 20 പേർ മരിച്ചു. നൂറിലേറെ പേരെ കാണാതായതായി താലിബാൻ ഭരണകൂടത്തിന്റെ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പ്രവിശ്യാ തലസ്ഥാനമായ പരൂണും സമീപ പ്രദേശങ്ങളുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമേറ്റത്. ഏകദേശം 80 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവ വെള്ളപ്പൊക്കത്തിൽ തകർന്നു. കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ദുർബലമായ അടിസ്ഥാനസൗകര്യങ്ങൾ, ദീർഘകാല സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ എന്നിവ കാരണം അഫ്ഗാനിസ്ഥാൻ പ്രകൃതിദുരന്തങ്ങൾക്ക് അതീവ ദുര്‍ബലമായ രാജ്യമായി തുടരുകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

