ഒഡേസ: യുക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാല് ഇന്ത്യക്കാരുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ഇന്ത്യൻ നാവികന് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഗിനിയ-ബിസൗ പതാകയിലുള്ള ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെയും സിറിയയിലെയും നാവികരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യ മൂന്ന് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് കപ്പൽ ആക്രമിച്ചതായി യുക്രെയ്ന് നാവികസേന അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിക്കുകയും രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ എട്ട് ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.
മരിച്ച മലയാളി കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൽ (26) ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മർച്ചന്റ് നേവിയിൽ ജോലി ചെയ്തിരുന്ന അഖിൽ വിവാഹത്തിനൊരുങ്ങുന്നതിനിടെയായിരുന്നു ദാരുണാന്ത്യം.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരപരാധികളായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതും സ്വതന്ത്ര നാവിഗേഷനെ തടസപ്പെടുത്തുന്നതുമായ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

