ന്യൂഡൽഹി: പാർലമെന്റിലേക്ക് സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചിനിടെ കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകരും ഡൽഹി പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തെ തുടർന്ന് 70 പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നിരവധി പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും കല്ലേറും നാശനഷ്ടങ്ങളും ഉണ്ടായെന്നുമാണ് പൊലീസ് ആരോപണം. സ്ഥിതി നിയന്ത്രിക്കാൻ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചതായും പൊലീസ് വ്യക്തമാക്കി. അതേസമയം, സമാധാനപരമായ പ്രതിഷേധത്തിനുനേരെ പൊലീസ് അമിതബലം പ്രയോഗിച്ചുവെന്നാണ് സി.ജെ.പി.യുടെ ആരോപണം.
സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് വിവിധ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിഷേധം തുടരുമെങ്കിലും യുവാക്കൾക്ക് കൂടുതൽ പരിക്കേൽക്കാതിരിക്കാൻ പാർലമെന്റിലേക്കുള്ള മാർച്ചുകൾ ഇനി നടത്തില്ലെന്ന് സി.ജെ.പി. നേതൃത്വം അറിയിച്ചു. ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി.

