ജൂലൈ 27-ന് ഓസ്‌ട്രേലിയയിലെ മൊബൈലുകളിൽ സൈറൺ മുഴങ്ങും; അറിയേണ്ട കാര്യങ്ങൾ

ക്യാൻബെറ: ഓസ്‌ട്രേലിയയിൽ നടപ്പിലാക്കുന്ന പുതിയ ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലേർട്ടിന്റെ’ (AusAlert) രാജ്യവ്യാപക പരിശോധന 2026 ജൂലൈ 27 തിങ്കളാഴ്ച നടക്കും. ഈ സമയത്ത് രാജ്യത്തുടനീളമുള്ള ഫോണുകളിലും മറ്റ് അനുബന്ധ ഉപകരണങ്ങളിലും വലിയ സൈറൺ ശബ്ദത്തോടെ പ്രത്യേക മുന്നറിയിപ്പ് സന്ദേശമെത്തും. ഫോൺ സൈലന്റ് മോഡിലാണെങ്കിലും അലേർട്ട് മുഴങ്ങുമെന്നതിനാൽ പൊതുജനങ്ങൾ മുൻകൂട്ടി ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

പ്രകൃതി ദുരന്തങ്ങൾ, കടുത്ത കൊടുങ്കാറ്റ്, കാട്ടുതീ, വെള്ളപ്പൊക്കം, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം നിർദ്ദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ സജ്ജമാക്കുന്ന സംവിധാനമാണ് ഓസ് അലേർട്ട്. 2026 ഒക്ടോബർ 1 മുതൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ ദേശീയ പരിശോധന.

വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സമയമനുസരിച്ച് താഴെ പറയുന്ന സമയങ്ങളിലാണ് ടെസ്റ്റ് നടക്കുക:

  • NSW, VIC, QLD, ACT, TAS: ഉച്ചയ്ക്ക് 2:00 മണിക്ക് (AEST)
  • SA, NT: ഉച്ചയ്ക്ക് 1:30 ന് (ACST)
  • WA: ഉച്ചയ്ക്ക് 12:00 മണിക്ക് (AWST)

സെൽ ബ്രോഡ്‌കാസ്റ്റ് സാങ്കേതികവിദ്യ വഴി എത്തുന്ന അലേർട്ട് ലഭിക്കുമ്പോൾ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ എന്നിവ ഏകദേശം 10 സെക്കൻഡ് നീളുന്ന സൈറൺ ശബ്ദത്തോടെ പ്രകമ്പനം കൊള്ളും. ഇതോടൊപ്പം സ്ക്രീനിൽ ഇതൊരു പരിശോധന സന്ദേശമാണെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് തെളിയും. ഇതിനായി പ്രത്യേക ആപ്പുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. സന്ദേശം ലഭിക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ലെന്നും അടിയന്തര നമ്പറുകളിൽ (000) വിളിക്കേണ്ടതില്ലെന്നും നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി വ്യക്തമാക്കുന്നു.

ഗാർഹിക പീഡനം അനുഭവിക്കുന്നവരും, സുരക്ഷാ കാരണങ്ങളാൽ മറ്റുള്ളവർ അറിയാതെ രഹസ്യമായി ഫോൺ സൂക്ഷിക്കുന്നവരും ഈ സമയത്ത് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഫോൺ സൈലന്റോ ‘ഡൂ നോട്ട് ഡിസ്റ്റർബ്’ (Do Not Disturb) മോഡിലോ ആയിരുന്നാലും അലേർട്ട് ഉച്ചത്തിൽ ശബ്ദിക്കും.

ഇത്തരം അപകടസാധ്യതയുള്ളവർ ടെസ്റ്റ് ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്യുകയോ ഏറോപ്ലേയിൻ മോഡിലേക്ക് മാറ്റുകയോ ചെയ്യണം. സന്ദേശം പിന്നീട് എത്താതിരിക്കാൻ അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഫോൺ ഇതേ രീതിയിൽ നിലനിർത്തണമെന്നും നിർദ്ദേശമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *