30 വർഷമായി മുടങ്ങാത്ത അന്നദാനം; വിശപ്പകറ്റാൻ ജൂഡ്‌സനും കൂട്ടരും

കൊച്ചി: വിശക്കുന്ന വയറുകൾക്ക് ആശ്വാസമേകി മൂന്ന് പതിറ്റാണ്ടുകളായി ഒരൊറ്റ ദിവസം പോലും മുടങ്ങാതെ പൊതിച്ചോറ് വിതരണം ചെയ്ത് മാതൃകയാവുകയാണ് പള്ളുരുത്തി സ്വദേശി ജൂഡ്‌സൺ. ദിവസവും 1200-ഓളം പാവപ്പെട്ട മനുഷ്യർക്കാണ് ജൂഡ്‌സണിന്റെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ എത്തിച്ചുനൽകുന്നത്.

30 വർഷങ്ങൾക്ക് മുൻപ് വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് തെരുവിൽ കഴിയുന്നവർക്ക് നൽകിക്കൊണ്ടാണ് ജൂഡ്‌സൺ ഈ ജീവകാരുണ്യ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ‘സെഹിയോൻ പ്രേഷിതസംഘം’ എന്ന ട്രസ്റ്റ് രൂപീകരിച്ച് ഇടക്കൊച്ചിയിലെ വാടകക്കെട്ടിടത്തിൽ സ്വന്തമായി അടുക്കള സജ്ജമാക്കുകയായിരുന്നു. നിലവിൽ 17 സന്നദ്ധ പ്രവർത്തകർ ചോറ് പൊതിയാൻ ജൂഡ്‌സനൊപ്പം സഹകരിക്കുന്നുണ്ട്. പുലർച്ചെ രണ്ട് മണിക്ക് ആരംഭിക്കുന്ന പാചകത്തിനും തയാറാക്കലുകൾക്കും ശേഷം രാവിലെ എട്ടരയോടെ ഓട്ടോറിക്ഷയിലും സ്കൂട്ടറുകളിലുമായി ഭക്ഷണപ്പൊതികൾ വിതരണത്തിനെത്തിക്കും.

ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന ഈ അറുപതുകാരൻ ഇപ്പോൾ പൂർണ്ണസമയവും ഈ സേവനത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ഭാര്യ ജെയ്‌സിയും മകൻ ടോം രഞ്ജിത്തും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. കോവിഡ് കാലത്ത് 2500 പേർക്ക് വരെ ദിനംപ്രതി ഭക്ഷണം നൽകിയിരുന്നു. സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതിയത്രയും മുന്നോട്ടുപോകുന്നത്.

അടുക്കള പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും ഇന്ധനച്ചെലവുകളും കടപ്പാടുകളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒരൊറ്റ മനുഷ്യൻ പോലും പട്ടിണി കിടക്കരുതെന്ന ദൃഢനിശ്ചയത്തിലാണ് ജൂഡ്‌സണും സംഘവും മുന്നോട്ടുപോകുന്നത്. സ്വന്തമായി ഒരിടം കണ്ടെത്തി സ്ഥിരമായി ഒരു അടുക്കള നിർമ്മിക്കുകയാണ് ഈ സന്നദ്ധ പ്രവർത്തകന്റെ ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *