കുഞ്ചിത്തണ്ണി (ഇടുക്കി): കൈയേറ്റക്കാർ വെട്ടിപ്പിളർന്ന ഇടുക്കിയിലെ ചൊക്രമുടിയിലേക്ക് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം നീലക്കുറിഞ്ഞിവസന്തം വീണ്ടുമെത്തുന്നു. മലനിരകളിൽ എമ്പാടും നീലക്കുറിഞ്ഞികൾ പൂത്തുതുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ വരും മാസങ്ങളോടെ മലമുഴുവൻ നീലക്കടലാകുമെന്ന പ്രതീക്ഷയിലാണ് പ്രകൃതിസ്നേഹികൾ.
കേരളത്തിലെ രണ്ടാമത്തെ ഉയരംകൂടിയ കൊടുമുടിയും അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രവുമായ ചൊക്രമുടിയിൽ 2014-ലാണ് ഇതിനുമുമ്പ് നീലക്കുറിഞ്ഞി വസന്തമുണ്ടായത്. പുതിയ വസന്തം എത്തുന്നതോടെ മൂന്നാർ, മറയൂർ മേഖലകളിലേക്ക് വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്.
2014-ൽ നീലക്കുറിഞ്ഞി പൂത്ത സമയത്താണ് ചൊക്രമുടിയിൽ കൈയേറ്റക്കാർ കണ്ണുവെക്കുന്നത്. തുടർന്ന് 2024 ജൂണിൽ ചട്ടവിരുദ്ധമായി നേടിയ പട്ടയം ഉപയോഗിച്ച് ഒരുഭാഗം നെടുകെപ്പിളർന്ന് കോൺക്രീറ്റ് റോഡ് നിർമിക്കുകയും കടുംവെട്ട് നടത്തുകയും ചെയ്തു. ആയിരത്തോളം മരങ്ങളും അതിലുമധികം കുറിഞ്ഞിച്ചെടികളും പിഴുതുമാറ്റിയ കൈയേറ്റക്കാർ സ്ഥലം പ്ലോട്ടുകളാക്കി വിൽക്കാൻ ശ്രമിക്കുകയും വലിയ തടയണ നിർമിക്കുകയും ചെയ്തിരുന്നു. ഇത് പ്രദേശത്ത് വലിയ ഉരുൾപൊട്ടൽ ഭീഷണിയുയർത്തി.
തുടർന്ന് പുറത്തുവന്ന വാർത്തകളുടെ അടിസ്ഥാനത്തിലും ആദിവാസികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ശക്തമായ ചെറുത്തുനിൽപ്പിന്റെയും ഫലമായി സർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വ്യാജ പട്ടയങ്ങൾ റദ്ദാക്കുകയും കൂട്ടുനിന്ന നാല് റവന്യൂ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. നാട്ടുകാരുടെ നിശ്ചയദാർഢ്യവും പ്രതിരോധവുമാണ് ചൊക്രമുടിയെയും ഇവിടെയുള്ള നീലക്കുറിഞ്ഞി വസന്തത്തെയും വീണ്ടെടുക്കാൻ വഴിയൊരുക്കിയത്.

