തിരുവനന്തപുരം: തദ്ദേശസ്ഥാപന പരിധിയിൽ ഹോട്സ്പോട്ടുകൾ കണ്ടെത്തി തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി സർക്കാർ പുതിയ കർമപദ്ധതി തയ്യാറാക്കുന്നു. അവശതയോ രോഗമോ ഉള്ള നായകളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമകളിൽ നിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ പദ്ധതിയിൽ ഉൾപ്പെടുത്തും.
വളർത്തുനായകൾക്ക് ലൈസൻസ് ഉറപ്പാക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ നിർബന്ധിത ചുമതലയാക്കും. വളർത്തുകേന്ദ്രങ്ങളിൽ നായകളുടെ പ്രജനനം, വിൽപ്പന, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവയ്ക്കും പുതിയ മാനദണ്ഡങ്ങൾ വരും. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ പ്രത്യേകം തുക വകയിരുത്തേണ്ടിവരും. ഹോട്സ്പോട്ടുകൾ നിശ്ചയിച്ച് സുപ്രീംകോടതി വിധിക്കനുസൃതമായി ദയാവധം ഉൾപ്പെടെയുള്ള നടപടികൾ അന്തിമഘട്ടത്തിൽ പരിഗണിക്കും.
വളർത്തുനായകൾ, തെരുവുനായകൾ, നിയന്ത്രണത്തിനുള്ള പശ്ചാത്തലമൊരുക്കൽ, പൊതുജനങ്ങളുടെ സമീപനം, അപകടഘട്ടത്തിലെ പ്രതിരോധം എന്നിങ്ങനെ അഞ്ച് തലങ്ങളായാണ് കർമപരിപാടി തയാറാക്കിയിരിക്കുന്നത്. മന്ത്രി കെ.എം. ഷാജിയുടെ അധ്യക്ഷതയിൽ വിഷയത്തിൽ ഉന്നതതല യോഗം ചേരും. കൂടുതൽ എ.ബി.സി (Animal Birth Control) കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് എൻ.ജി.ഒകളുടെയും സന്നദ്ധസംഘടനകളുടെയും സഹായം തേടും. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന് പ്രത്യേക സ്ഥലവും സമയവും നിശ്ചയിക്കുന്നതിനൊപ്പം നായപിടിത്തക്കാരെ നിയമിക്കുന്നതും പുതിയ മാർഗരേഖയുടെ ഭാഗമാകും

