വിസ്മയ കാഴ്ചയായി അപൂർവ്വ ഫോഗ്‌ബോ;വീട്ടമ്മ പകര്‍ത്തിയ ചിത്രങ്ങൾ വൈറൽ

ഓസ്‌ട്രേലിയ: ന്യൂ സൗത്ത് വെയിൽസിലെ കോബാറിലുള്ള ചരിത്രപ്രസിദ്ധമായ ഒരു ഫാമിൽ അതിരാവിലെ മൂടൽമഞ്ഞ് പകർത്തുവാൻ ഇറങ്ങിയ മേരി ജോൺസൺ എന്ന വനിതയെ തേടിയെത്തിയത് അപൂർവ്വവും വിസ്മയകരവുമായ ഒരു കാഴ്ച. മഴവില്ലിന് സമാനമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ‘ഫോഗ്‌ബോ’ (Fogbow) അഥവാ വെളുത്ത മഴവില്ലാണ് പ്രദേശവാസികളെയും ഗവേഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയത്.

മഴവില്ലിന് സമാനമായ പ്രതിഭാസമാണെങ്കിലും സാധാരണ മഴവില്ലുകളേക്കാൾ അപൂർവ്വമായാണ് ഇത്തരം ഫോഗ്‌ബോകൾ ദൃശ്യമാകാറുള്ളത്. അന്തരീക്ഷത്തിലെ മൂടൽമഞ്ഞിലെ വളരെ ചെറിയ ജലത്തുള്ളികളിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ ഉണ്ടാകുന്ന പ്രതിഫലനമാണ് വെളുത്ത നിറത്തിലുള്ള ഈ ചാപത്തിന് കാരണമാകുന്നത്. സാധാരണ മഴത്തുള്ളികളേക്കാൾ വലിപ്പം കുറഞ്ഞ ജലത്തുള്ളികളായതിനാലാണ് ഇതിന് നിറങ്ങൾ വ്യക്തമാകാത്തത്.

സൂര്യൻ നമ്മുടെ പുറകിലും മൂടൽമഞ്ഞ് മുന്നിലും കൃത്യമായ അളവിൽ വരുമ്പോൾ മാത്രമാണ് ഈ പ്രതിഭാസം കാണാൻ കഴിയുക എന്ന് ബ്യൂറോ ഓഫ് മീറ്റിയോറോളജിയിലെ മുതിർന്ന കാലാവസ്ഥാ വിദഗ്ദ്ധ ഇലാന ചെർണി വ്യക്തമാക്കി. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിൽ ജനവാസ മേഖലകളിൽ ഇത്തരം കാഴ്ചകൾ അപൂർവ്വമായി മാത്രമേ റിപ്പോർട്ട് ചെയ്യാറുള്ളൂവെന്നും ഈ മനോഹര ചിത്രം പകർത്തുവാൻ സാധിച്ചത് വലിയൊരു ഭാഗ്യമാണെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *