മെൽബൺ: ഓസ്‌ട്രേലിയയിൽ ഗാർഹിക-ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തുടർന്ന് കൊല്ലപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഭയപ്പെടുത്തുന്ന രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വാരം മാത്രം നാല് സ്ത്രീകളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടുപേർ വിക്ടോറിയ സംസ്ഥാനത്തുനിന്നുള്ള കൗമാരക്കാരായ പെൺകുട്ടികളാണ്.
2026-ൽ ഇതുവരെ വിക്ടോറിയയിൽ മാത്രം 9 സ്ത്രീകളും രാജ്യത്തൊട്ടാകെ 37 സ്ത്രീകളും കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, എട്ട് ആഴ്ച മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 17 കുട്ടികളും അതിക്രമങ്ങളിൽ കൊല്ലപ്പെട്ടു. ശരാശരി 11 ദിവസത്തിൽ ഒരു സ്ത്രീ വീതം പങ്കാളികളുടെയോ കുടുംബാംഗങ്ങളുടെയോ കൈകളാൽ കൊല്ലപ്പെടുന്ന സാഹചര്യം രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻനിര സഹായ സംഘടനകളുടെ ശേഷിയേക്കാൾ കൂടുതൽ ആളുകൾ സഹായം തേടിയെത്തുന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
വരുന്ന നവംബറിൽ വിക്ടോറിയയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ പ്രകടനപത്രികകളിലെ പ്രധാന വിഷയമാക്കണമെന്ന് ‘സേഫ് ആൻഡ് ഈക്വൽ’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജുമാന എൽ-മത്ര ആവശ്യപ്പെട്ടു. അതിക്രമങ്ങൾ നടന്നതിനു ശേഷമുള്ള നടപടികൾക്ക് പകരം തുടക്കത്തിൽ തന്നെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞു തടയാനുള്ള മുൻകരുതൽ സംവിധാനങ്ങളും സാമ്പത്തിക പിന്തുണയും വിക്ടോറിയൻ സർക്കാരും മറ്റ് രാഷ്ട്രീയ പാർട്ടികളും ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

