ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ആശങ്കകൾ ചില നിക്ഷിപ്ത താൽപ്പര്യക്കാർ രാഷ്ട്രീയ മുതലെടുപ്പിനായി ചൂഷണം ചെയ്യുകയാണെന്ന് ഡൽഹി യൂണിവേഴ്സിറ്റി. പരീക്ഷാ ചോർച്ചയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് സർവകലാശാലയുടെ പ്രതികരണം. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം മനസ്സിലാക്കുന്നുണ്ടെന്നും എന്നാൽ പ്രശ്നങ്ങൾ വഷളാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും സർവകലാശാല ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനാണ് ഡൽഹി യൂണിവേഴ്സിറ്റി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകളും അധ്യാപക കൂട്ടായ്മയായ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടും ആരോപിച്ചു. വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് നടപടിയെക്കുറിച്ച് മിണ്ടാതെ സർവകലാശാല ഇത്തരമൊരു നിലപാടെടുത്തത് വിദ്യാർത്ഥിവിരുദ്ധമാണെന്നും അവർ കുറ്റപ്പെടുത്തി.

