വാഗമൺ വരാട്ടുമേട്ടിൽ റവന്യൂഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നു; ആയിരം ഏക്കർ സർക്കാർ ഭൂമി വീണ്ടെടുക്കാൻ റവന്യൂസംഘം

പീരുമേട്: വിനോദസഞ്ചാര മേഖലയായ വാഗമണ്ണിലെ വരാട്ടുമേട്ടിൽ നടന്നിട്ടുള്ള വൻ റവന്യൂഭൂമി കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടിയുമായി റവന്യൂസംഘം രംഗത്ത്. പീരുമേട് തഹസിൽദാറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ മേഖലയിൽ വ്യാപകമായ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുള്ളത്. ഏകദേശം ആയിരം ഏക്കറോളം വരുന്ന സർക്കാർ ഭൂമിയാണ് മേഖലയിൽ വിവിധ വ്യക്തികളും സംഘങ്ങളും വ്യാജരേഖകൾ ചമച്ചും നിയമവിരുദ്ധമായും കൈവശപ്പെടുത്തിയിരിക്കുന്നത്.

വരാട്ടുമേട്ടിലെ അതിമനോഹരമായ വ്യൂ പോയിന്റുകൾ ഉൾപ്പെടുന്ന മേഖല തിരിച്ച്, പുതിയ റോഡ് നിർമ്മിച്ച് ഇതിന്റെ ഇരുവശങ്ങളിലായി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയാണെന്ന് വരുത്തിത്തീർക്കാൻ മുളങ്കൂട്ടങ്ങൾ നട്ടുപിടിപ്പിച്ചായിരുന്നു കയ്യേറ്റം. തുടർന്നാണ് ഈ ഭൂമിയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള അനധികൃത നിർമ്മാണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നത്.

റവന്യൂ അധികൃതർ നടത്തിയ പരിശോധനയിൽ ജെ.സി.ബി. അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ഇത്തരം അനധികൃത കെട്ടിടങ്ങളും താൽക്കാലിക നിർമ്മാണങ്ങളും പൊളിച്ചുനീക്കി. കയ്യേറ്റത്തിന് പിന്നിൽ വൻ സാമ്പത്തിക സ്രോതസ്സുകളുള്ള ബിസിനസ് ഗ്രൂപ്പുകളും റിസോർട്ട് മാഫിയകളും ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. വാഗമണ്ണിലെ ടൂറിസം സാധ്യതകൾ മുന്നിൽക്കണ്ട് വൻകിട റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും വേണ്ടിയാണ് ഇവ നിർമ്മിച്ചിരുന്നതെന്നും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന റവന്യൂ ഭൂമിയാണ് ഇവർ വ്യാജരേഖകളും സ്വാധീനവും ഉപയോഗിച്ച് കൈയേറിയതെന്നും കണ്ടെത്തി.

ഭൂമി കൈയേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ ശേഷം റവന്യൂ സംഘം അടിയന്തിരമായി ഭൂമി തിരിച്ചുപിടിച്ച് സർക്കാരിന്റെ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. വരും ദിവസങ്ങളിലും പ്രദേശത്തെ മുഴുവൻ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും പൂർണ്ണമായി ഒഴിപ്പിക്കുമെന്ന് പീരുമേട് തഹസിൽദാർ അറിയിച്ചു. കൈയേറ്റക്കാർക്കെതിരെ റവന്യൂ നിയമപ്രകാരമുള്ള ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *