ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കി ഓസ്‌ട്രേലിയ; 3.2 ബില്യൺ ലിറ്റർ ഇന്ധനവുമായി 55 കപ്പലുകൾ വരും ആഴ്ചകളിൽ എത്തും

കാൻബറ: യു.എസ്-ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന ഇന്ധന ശേഖരം കൈവരിച്ച് ഓസ്‌ട്രേലിയ. അടുത്ത നാല് ആഴ്ചകൾക്കുള്ളിൽ 3.2 ബില്യൺ ലിറ്റർ ഇന്ധനവുമായി 55 കപ്പലുകൾ രാജ്യത്ത് എത്താൻ നിശ്ചയിച്ചിട്ടുണ്ടെന്നും ഇതോടെ രാജ്യത്തെ ഇന്ധന ശേഖരം സർവ്വകാല റെക്കോർഡിലെത്തുമെന്നും ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു.

വിവിധ ഇനങ്ങളിലായി നിലവിൽ 6.5 ബില്യൺ ലിറ്റർ ഇന്ധന ശേഖരം ഓസ്‌ട്രേലിയയിലുണ്ടെന്ന് ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസ് സ്ഥിരീകരിച്ചു. നിർബന്ധിത ഇന്ധന സൂക്ഷിപ്പ് നയം രാജ്യത്ത് നടപ്പിലാക്കിയ ശേഷമുള്ള ഏറ്റവും ഉയർന്ന ശേഖരമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യു.എസ്-ഇറാൻ യുദ്ധത്തെ തുടർന്ന്, ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ അന്താരാഷ്ട്ര ഇന്ധന വിപണി കടുത്ത പ്രതിസന്ധിയിലായിരുന്നു. വിതരണ തടസ്സം നേരിട്ട രാജ്യങ്ങളിൽ ഒന്നായ ഓസ്‌ട്രേലിയ ഇതേത്തുടർന്ന് ഇന്ധന സുരക്ഷാ നടപടികൾ ശക്തമാക്കുകയായിരുന്നു.

അതേസമയം, റെക്കോർഡ് ഇന്ധന ശേഖരം കൈവരിച്ചെങ്കിലും പ്രതിസന്ധി പൂർണ്ണമായി ഒഴിപ്പിച്ചു എന്ന് പറയാറായിട്ടില്ലെന്നും രാജ്യം ഇപ്പോഴും ‘ഫ്യുവൽ സെക്യൂരിറ്റി ലെവൽ 2’-ൽ തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ധന സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടാകാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *