ന്യൂഡൽഹി: കറുത്ത കടലിലൂടെ സഞ്ചരിച്ചിരുന്ന വാണിജ്യ ചരക്കുകപ്പലായ എം.വി. ഒമോർഫിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) സ്ഥിരീകരിച്ചു. ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തോട് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
ജൂലൈ 18-ന് റഷ്യൻ പ്രാദേശിക സമുദ്രപരിധിയിലൂടെയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നതെന്നാണ് ലഭ്യമായ വിവരം. അന്ന് കപ്പലിൽ ആകെ 10 ജീവനക്കാരുണ്ടായിരുന്നു. ഇതിൽ മൂന്ന് പേർ ഇന്ത്യക്കാരായിരുന്നു. ഇവരിൽ ഒരാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം അറിയിച്ചു.
സംഭവവിവരം ലഭിച്ചതോടെ റഷ്യയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുകയും മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരപരാധികളായ സിവിലിയൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും, സമുദ്രഗതാഗത സ്വാതന്ത്ര്യത്തിനും ആഗോള വാണിജ്യത്തിനും വർധിച്ചുവരുന്ന ഭീഷണിയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. സമുദ്രഗതാഗതത്തിന്റെ സുരക്ഷയും അന്താരാഷ്ട്ര വ്യാപാരത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

