എസ് എം എസ് എഫ്‌ വഴി പ്രോപ്പർട്ടി വാങ്ങുന്നതിൽ പുതിയ നിയന്ത്രണം; ഓഗസ്റ്റ് 10 മുതൽ പ്രാബല്യത്തിൽ

സിഡ്നി: ഓസ്‌ട്രേലിയയിൽ സെൽഫ് മാനേജ്ഡ് സൂപ്പർ ആന്വേഷൻ ഫണ്ടുകൾ (SMSF) വഴി റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിനുള്ള നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ വരുന്നു. 2026 ഓഗസ്റ്റ് 10 മുതൽ നിലവിൽ വരുന്ന പുതിയ നിയമഭേദഗതി പ്രകാരം, സൂപ്പർ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ വായ്പകളിലൂടെ (LRBA) റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് ഔദ്യോഗികമായി വിലക്ക് ഏർപ്പെടുത്തും.

ഭവന വിപണിയിലെ കടുത്ത മത്സരം കുറയ്ക്കാനും ആദ്യമായി വീട് വാങ്ങുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനുമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രധാന മാറ്റങ്ങൾ:

പുതിയ വായ്പകൾക്ക് വിലക്ക്: ഓഗസ്റ്റ് 10 മുതൽ സൂപ്പർ ഫണ്ടുകൾ ഉപയോഗിച്ച് റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിന് പുതിയ ബാങ്ക് വായ്പകളോ ഫിനാൻസിംഗോ അനുവദിക്കില്ല.

നിലവിലുള്ള വായ്പകൾക്ക് സംരക്ഷണം: ഓഗസ്റ്റ് 10-ന് മുൻപ് എടുത്തതും അംഗീകരിക്കപ്പെട്ടതുമായ റെസിഡൻഷ്യൽ പ്രോപ്പർട്ടി ലോണുകളെ (Grandfathered) പുതിയ നിയമം ബാധിക്കില്ല. ഈ പ്രോപ്പർട്ടികൾ വിൽക്കുകയോ മാറ്റുകയോ ചെയ്യേണ്ടതില്ല.

ക്യാഷ് പർച്ചേസ് തുടരാം: വായ്പകളില്ലാതെ സൂപ്പർ ഫണ്ടിലെ സ്വന്തം തുക (Cash) ഉപയോഗിച്ച് നേരിട്ട് റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് തടസ്സമില്ല.

കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾക്ക് ഇളവ്: കച്ചവട സ്ഥാപനങ്ങൾ, കൊമേഴ്‌സ്യൽ കെട്ടിടങ്ങൾ എന്നിവ വാങ്ങുന്നതിനായുള്ള സൂപ്പർ ഫണ്ട് വായ്പകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

റീഫിനാൻസിംഗ്: നിലവിലുള്ള ലോണുകൾ ഓഗസ്റ്റ് 10 ന് ശേഷവും റീഫിനാൻസ് ചെയ്യാം; എന്നാൽ ലോൺ തുക (Principal balance) ഉയർത്താൻ അനുവാദമില്ല.

ഓഗസ്റ്റ് 10-ന് മുൻപായി സെയിൽസ് കോൺട്രാക്ടിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ (Contract exchanged), സെറ്റിൽമെന്റ് പിന്നീട് നടന്നാലും ഇടപാട് സാധുതയുള്ളതായിരിക്കും. സൂപ്പർ ഫണ്ട് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ പിഴവുകൾ ഒഴിവാക്കാൻ സർട്ടിഫൈഡ് ഫിനാൻഷ്യൽ അഡ്വൈസറുടെ സേവനം തേടണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *