ബെയ്ജിങ്: ചൈനയുടെ തെക്കൻ ഗ്വാങ്ഡോങ് പ്രവിശ്യയിൽ നൗൾ (Noul) ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും അനുബന്ധ ദുരന്തങ്ങളിലും 10 പേർ മരിച്ചു. കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ വർഷം ചൈനയെ ബാധിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ നൗൾ ഗ്വാങ്ഡോങിലെ ഹുയിഡോങ് കൗണ്ടിയിലാണ് കരതൊട്ടത്. ചുഴലിക്കാറ്റിനെ തുടർന്ന് ഗ്വാങ്ഡോങ് പ്രവിശ്യയിൽ നിന്ന് ഏഴുലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഗ്വാങ്ഡോങിന് പുറമെ ജിയാങ്സി, ഹുനാൻ, സിച്ചുവാൻ, ഗാൻസു തുടങ്ങിയ പ്രവിശ്യകളിലും അതിശക്തമായ മഴക്കും മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്ന് ചൈനയുടെ കാലാവസ്ഥാ, ജലവിഭവ വകുപ്പുകൾ മുന്നറിയിപ്പ് നൽകി. മലനിരകൾ, നദീതീരങ്ങൾ, താഴ്വരകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാനും ആവശ്യമായാൽ ആളുകളെ ഉടൻ ഒഴിപ്പിക്കാനും പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഹോങ്കോങ്ങിലും നൗളിന്റെ സ്വാധീനത്തിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് വിമാന സർവീസുകൾ മണിക്കൂറുകളോളം തടസ്സപ്പെട്ടെങ്കിലും പിന്നീട് ക്രമേണ പുനഃസ്ഥാപിച്ചു. കരതൊട്ട ശേഷം നൗൾ ദുർബലമായെങ്കിലും കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

