ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
സെങ്കമലപ്പെട്ടിക്ക് സമീപമുള്ള കാർഷിക ഷെഡിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ യൂണിറ്റിലാണ് ഞായറാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് തീപിടിത്തമുണ്ടാകുകയും സംഭവസ്ഥലത്ത് തന്നെ രണ്ട് തൊഴിലാളികൾ മരിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അനധികൃതമായി പ്രവർത്തിച്ചിരുന്ന യൂണിറ്റിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

