പുണർതം ഞാറ്റുവേലയൊടുങ്ങവേ
മഴക്കെടുതിയുടെ അടുക്കളച്ചാലിൽ നിന്നും
അവസാനത്തെ
വറ്റുമൊലിച്ചുപോയവൻ
വിശപ്പുപായയിലേക്ക്
ചുരുണ്ടുകിടക്കുന്ന പഞ്ഞക്കർക്കടകം
ഓലമേഞ്ഞ വീടുകളുടെ
ദ്രവിച്ചിരുണ്ട ഇറയത്തുനിന്നും
മഴവെള്ളം വലിച്ചെടുത്ത
പാളപ്പാത്തികൾ
പട്ടിണിവയറുകളുടെ,
ദീർഘനിശ്വാസങ്ങളേറ്റുലഞ്ഞ കണ്ണീർകർക്കടകം.
കളിമൺ കുടുക്കയിലെ
അവസാനത്തെ കാലണയും
കുലുക്കിയെടുത്ത അമ്മക്കരങ്ങളിൽ നിന്ന്
പച്ചമീൻ മണവും
പച്ചമരുന്ന് കഞ്ഞിച്ചൂടും
ഇല്ലായ്മകളിലേക്ക്
വറ്റുന്ന
വറുതിക്കർക്കടകം
കാലിക്കീശയിലെ
നിലച്ചുപോയ നാണയക്കിലുക്കം
ചാണകത്തറയിലെ
വക്കു പൊട്ടിയ
കഞ്ഞിക്കലത്തിൽ
പെരുമഴത്താളം പിടിക്കുന്ന
പട്ടിണിക്കർക്കടകം
വെയിൽച്ചില്ല പൂക്കും നേരം
മുറ്റത്തു വിരിച്ചിട്ട
കീറകുപ്പായങ്ങൾക്കൊപ്പം
അടുക്കള മണവും
അകത്തളച്ചിരിയും
ഒന്നിച്ചൊലിച്ചുപോയ
കള്ളക്കർക്കടകം
ഇന്ന്
നാട്ടുപച്ചക്കാടുകളിൽ
തളിർത്തുലഞ്ഞ
താളും തകരയും തഴുതാമയും
ചേനയും ചേമ്പു, മാനക്കൊടിത്തൂവയും
അപൂർവമായെത്തുമാരെയോ കാത്ത്
അവിടവിടങ്ങളിലൊറ്റയ്ക്ക് നിൽപ്പുണ്ട്.
മരുന്ന് കഞ്ഞിക്കൂട്ടിന്റെ
കച്ചവട തന്ത്രങ്ങൾക്കൊപ്പം
ആഗോള മലയാളിത്തിരക്കും
കള്ളക്കർക്കടകം
കൊള്ളക്കർക്കടകമായെന്ന്
വർണ്ണപ്പരസ്യങ്ങളാൽ
പടർന്നുകയറുന്നു.
കസവുപുടവയണിഞ്ഞ രാമായണക്കാലം
ചാനൽപ്പൊലിമകളിൽ
കെട്ടുകാഴ്ചകളാകുമ്പോൾ
അഷ്ടിക്കു വകയില്ലാത്തോന്റെ ദാരിദ്ര്യകാണ്ഡം
ആരാലും വായിക്കപ്പെടാതെ
നനഞ്ഞുകുതിരുന്നു.
ഒടുവിൽ
പൂയത്തിൽ
പൂവും കായുമെന്നോതി
ആയില്യക്കാവുകളിലെ
നാഗത്തറകളിലേക്ക്
നാട്ടുപൊലിമയും
പച്ചപ്പുമൊലിച്ചുപോയ
കർക്കടകക്കാലം
തലതല്ലിച്ചാവുന്നു.

