ജമ്മു–ശ്രീനഗർ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ; 1,700 ട്രക്കുകൾ കുടുങ്ങി

ജമ്മു: ജമ്മു–ശ്രീനഗർ ദേശീയപാതയിൽ ഉധംപുർ ജില്ലയിലെ ദേവാൽ മേഖലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇതോടെ ദേശീയപാതയിൽ ഏകദേശം 1,700 ചരക്ക് ട്രക്കുകളും നിരവധി യാത്രാവാഹനങ്ങളും കുടുങ്ങിയതായി അധികൃതർ അറിയിച്ചു.

മണ്ണും പാറകളും നീക്കം ചെയ്യാൻ ദേശീയപാത അതോറിറ്റി യന്ത്രസാമഗ്രികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. റോഡ് സുരക്ഷിതമാകുന്നതുവരെ ഇരുഭാഗത്തുനിന്നും പുതിയ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും യാത്രക്കാർ അനാവശ്യ യാത്ര ഒഴിവാക്കി ഔദ്യോഗിക ട്രാഫിക് അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലുകളാണ് മേഖലയിലെ ഗതാഗതത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. യാത്രാവാഹനങ്ങൾക്ക് മുൻഗണന നൽകി നിയന്ത്രിത രീതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *