പാരിസ്: ഫ്രാൻസിന്റെയും സ്പെയിനിന്റെയും വിവിധ മേഖലകളിൽ പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഫ്രാൻസിലെ ജിറോണ്ട് മേഖലയിൽ അപൂർവമായ അഗ്നിമേഘ (Pyrocumulonimbus) പ്രതിഭാസം രൂപപ്പെട്ടു. തീപിടിത്തത്തിൽ നിന്നുയർന്ന പുകയും ചൂടും ചേർന്ന് രൂപപ്പെട്ട ഈ മേഘം ഇടിമിന്നലിനും ശക്തമായ കാറ്റിനും കാരണമായി, പുതിയ തീപിടിത്തങ്ങൾക്കും വഴിവെച്ചതായി അധികൃതർ അറിയിച്ചു.
ജിറോണ്ട് മേഖലയിലെ തീപിടിത്തത്തെ തുടർന്ന് 2.2 ലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തീപിടിത്തം ബോർഡോ നഗരത്തിന് സമീപത്തേക്ക് വ്യാപിച്ചതോടെ ആയിരക്കണക്കിന് അഗ്നിരക്ഷാസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, സ്പെയിനിലും കാട്ടുതീ വ്യാപക നാശം വിതച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. അതിശക്തമായ ചൂടും വരണ്ട കാലാവസ്ഥയും കാറ്റുമാണ് തീപിടിത്തം രൂക്ഷമാകാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു.

