കള്ളക്കടൽ മുന്നറിയിപ്പ്; കേരള തീരത്ത് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ, മധ്യ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെയും ഉയർന്ന തിരമാലകളുടെയും സാധ്യത കണക്കിലെടുത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) എന്നീ തീരങ്ങളിൽ ബുധനാഴ്ച പുലർച്ചെ 5.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ സമാന സാഹചര്യം തുടരുമെന്നും അറിയിപ്പിൽ പറയുന്നു.

കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള തീരമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

തിരമാല ശക്തമാകുന്ന സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുകയോ കരയ്ക്കടുപ്പിക്കുകയോ ചെയ്യരുതെന്നും ബീച്ചുകളിലെ വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദപ്രവർത്തനങ്ങളും മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ പൂർണമായി ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *