ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർ നടത്തിയ വിജയാഘോഷ പാർട്ടിയെ ചൊല്ലിയുള്ള വിവാദത്തിനിടെ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് പ്രതികരണവുമായി രംഗത്തെത്തി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ജനാധിപത്യത്തിന്റെ വിജയമാണെങ്കിലും, അതുകൊണ്ട് മാത്രം രാജ്യനിർമാണം പൂർത്തിയാകില്ലെന്നും വിദ്യാഭ്യാസ-ഭരണ സംവിധാനങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെ കേന്ദ്ര സർക്കാർ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുകയും ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും ചെയ്തതോടെയാണ് സി.ജെ.പി. സമരം അവസാനിപ്പിച്ചത്. തുടർന്ന് ചില സി.ജെ.പി. നേതാക്കളും പ്രവർത്തകരും പങ്കെടുത്ത വിജയാഘോഷ പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമുയർന്നു.
അതേസമയം, യുവജനങ്ങളുടെ സമരപോരാട്ടത്തെ അഭിനന്ദിച്ച വാങ്ചുക്, പ്രതിഷേധത്തിന്റെ ലക്ഷ്യം അധികാരമാറ്റത്തിൽ ഒതുങ്ങരുതെന്നും വിദ്യാഭ്യാസ രംഗത്തും ഭരണ സംവിധാനത്തിലും ദീർഘകാല മാറ്റങ്ങൾ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.

