മ്യൂസിയവും പരിസരവും ഭിന്നശേഷി സൗഹൃദമാകുന്നു; സ്റ്റെയർ ലിഫ്റ്റും റാമ്പും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയവും പരിസരവും ഭിന്നശേഷി സൗഹൃദമായി മാറുന്നു. ആദ്യപടിയായി മ്യൂസിയം ഓഡിറ്റോറിയത്തിന് മുന്നിൽ തയ്യാറാക്കിയ ഭിന്നശേഷി സൗഹൃദ റാമ്പും സ്‌റ്റെയർ ലിഫ്റ്റും മ്യൂസിയം – മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനങ്ങളും പരിപാടികളും തടസ്സങ്ങളില്ലാതെ ആസ്വദിക്കാൻ ഭിന്നശേഷിക്കാർക്ക് ഇനി കഴിയുമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചിത്രപ്രദർശനവും അദ്ദേഹം വീക്ഷിച്ചു. ജനക്ഷേമ സംവിധാനങ്ങളുടെ ശരിയായ പരിപാലനം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

മ്യൂസിയത്തിലെ ഭിന്നശേഷി ജീവനക്കാരിയും എൽ.ഡി. ക്ലാർക്കുമായ കാവ്യയാണ് സ്‌റ്റെയർ ലിഫ്റ്റിൽ ആദ്യമായി സഞ്ചരിച്ചത്. മ്യൂസിയം പ്ലാൻ ഫണ്ടിൽ നിന്ന് 9 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റെയർ ലിഫ്റ്റ് നിർമ്മിച്ചത്. ഓഡിറ്റോറിയത്തിന് പുറമേ നാച്യുറലിസ്റ്റ് മ്യൂസിയത്തിലും ത്രീഡി തിയേറ്ററിലും ഭിന്നശേഷി സൗഹൃദ റാമ്പുകൾ ഒരുങ്ങുന്നുണ്ട്. 6.07 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

ചടങ്ങിൽ വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസ്, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി പി.എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ പാർവതി എസ്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, മൃഗശാല സൂപ്രണ്ട് അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *