ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ കർക്കിടക ഔഷധസേവ

തൊടുപുഴ: തൊടുപുഴയിലെ അഞ്ച് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നായ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ (ആഗസ്റ്റ് 1) കർക്കിടകത്തിലെ ഔഷധ സേവ നടക്കും. ദേവവൈദ്യന്മാരായ അശ്വനിദേവകളുടെ പുത്രൻ നകുലനാൽ പ്രതിഷ്ഠിതമായ, ധന്വന്തരി ചൈതന്യമുള്ള ഇടവെട്ടി ശ്രീകൃഷ്ണ സന്നിധിയിൽ രോഗദുരിതശാന്തിക്കായി ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്.

കർക്കിടകത്തിലെ തിരുവോണം പിള്ളേരോണമായതിനാൽ അന്നേദിവസം കുട്ടികൾക്ക് ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും നൽകിയിരുന്നു. മലയാള മാസത്തിലെ എല്ലാ തിരുവോണ നാളിലും ക്ഷേത്രത്തിൽ തിരുവോണവൂട്ട് നടത്തിവരുന്നുണ്ട്. ഇതിനുപുറമേ അനേകം സേവന പ്രവർത്തനങ്ങളും ക്ഷേത്രം ഏറ്റെടുത്ത് നടത്തുന്നുണ്ട്.

ക്ഷേത്ര കാര്യങ്ങളിൽ നാടിന്റെ സ്ത്രീപുരുഷ ഭേദമന്യേയുള്ള പങ്കാളിത്തം ഏറെ എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം ഏറെ പ്രശംസനീയവും അനുകരണീയവുമാണ്. സദ്യ തയ്യാറാക്കാനും വിളമ്പാനും ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും പ്രദേശവാസികൾ ഓരോരുത്തരും കാണിക്കുന്ന ഉത്സാഹം ഒരു ക്ഷേത്രം എന്താവണമെന്ന് കാണിച്ചുതരുന്നതാണ്.

നാളെ നടക്കുന്ന കർക്കിടക ഔഷധ സേവയിൽ ഏവരും പങ്കെടുത്ത് തങ്ങളുടെ ദുഃഖ, രോഗ ദുരിതങ്ങൾക്ക് ശാന്തി വരുത്തണമെന്ന് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *