സംസ്ഥാനത്ത് 209 ദുരിതാശ്വാസ ക്യാമ്പുകളിൽ 5,792 പേർ; ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിൽ ആകെ 5,792 പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിലെ കണക്കുപ്രകാരം മഴക്കെടുതിയിൽ എട്ട് മരണങ്ങളും എട്ട് പേരെ കാണാതായതായും 13 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കും ആവശ്യമായ സർക്കാർ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും ഏത് സാഹചര്യവും നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും സജീവമായി പങ്കാളികളാണെന്നും ആവശ്യമായ സഹായങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുമായി പൊതുജനങ്ങൾ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *