ജക്കാർത്ത:ഇന്തോനേഷ്യയിലെ മദുര ദ്വീപിന് സമീപം യാത്രാ ഫെറിക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 41 പേരെ കാണാതായതായി ഇന്തോനേഷ്യൻ ദേശീയ തിരച്ചിൽ-രക്ഷാപ്രവർത്തന ഏജൻസി (Basarnas) അറിയിച്ചു.
സുരബായയിൽ നിന്ന് മകാസറിലേക്കു പോവുകയായിരുന്ന കെഎംപി മുട്ടിയാര സെൻ്റോസ 2 (KMP Mutiara Sentosa 2) എന്ന ഫെറിയിലാണ് യാത്രാമധ്യേ തീപിടിത്തമുണ്ടായത്. ഫെറിയിൽ ഏകദേശം 250 മുതൽ 271 വരെ യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് വിവിധ ഔദ്യോഗിക റിപ്പോർട്ടുകൾ. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വലിയ തോതിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സമീപത്തെ രക്ഷാകപ്പലുകളും മറ്റ് കപ്പലുകളും ചേർന്നാണ് രക്ഷാദൗത്യം നടത്തുന്നത്. സംഭവത്തിൽ ഇന്തോനേഷ്യൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

