തൊടുപുഴ: അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ പ്രിയപ്പെട്ട യജമാനത്തി സുമതി (60)യെ കാത്തുനിൽക്കുന്ന വളർത്തുനായയുടെ കാഴ്ച രക്ഷാപ്രവർത്തകരുടെയും നാട്ടുകാരുടെയും ഹൃദയം നൊമ്പരപ്പെടുത്തുന്നു. ദുരന്തഭൂമിയിൽ നിന്ന് മാറാതെ, മണ്ണിടിഞ്ഞ സ്ഥലത്തിന് സമീപം സുമതിയെ തേടിയലയുകയും പിന്നീട് നിശ്ശബ്ദനായി നിലയുറപ്പിക്കുകയുമാണ് ഈ മിണ്ടാപ്രാണി.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു പ്രകൃതിയുടെ ദാരുണമായ വിളയാട്ടം. തൊടുപുഴ അടൂർമല, കൂടയത്തൂർ പഞ്ചായത്തിലെ മഷികല്ലേൽ വാർഡ് 7-ൽ രവിയുടെ വീടിന് മുകളിലേക്ക് വലിയ അളവിൽ മണ്ണിടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ വീട് ഏതാണ്ട് പൂർണമായും തകർന്നു.
അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന രവിയും മകനും രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുമതിയുടെ മൃതദേഹം കണ്ടെത്തിയത്. മണ്ണിനടിയിൽപ്പെട്ട മകൻ രതീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും തുടരുകയാണ്.
ദുരന്തത്തിൽ സർവ്വതും നഷ്ടമായ കുടുംബത്തിന്റെ വേദനയ്ക്കൊപ്പം, വേർപാടറിയാതെ യജമാനത്തിയെ കാത്ത് ദുരന്തഭൂമിയിൽ കാവൽ നിൽക്കുന്ന വളർത്തുനായയുടെ കാഴ്ച ദുരന്തത്തിന്റെ നിശ്ശബ്ദ സാക്ഷ്യമായി മാറുകയാണ്.

