കാൻബറ: ഓസ്ട്രേലിയയിൽ ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസും തപാൽ സേവനങ്ങളും വഴി അനുമതിയില്ലാത്ത പെപ്റ്റൈഡ് ഇൻജക്ഷനുകൾ വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് തെറാപ്യൂട്ടിക് ഗൂഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) മുന്നറിയിപ്പ് നൽകി. ശരീരഭാരം കുറയ്ക്കൽ, മസിൽ വളർത്തൽ, സൗന്ദര്യവർധനം എന്നിവയ്ക്കായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം മരുന്നുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പരിശോധനകളോ അംഗീകാരമോ ഇല്ലാതെ വിറ്റഴിക്കുന്ന ഈ പെപ്റ്റൈഡ് മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ കരൾ ക്ഷതം, കടുത്ത അലർജി, മറ്റ് മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്നാണ് TGA ചൂണ്ടിക്കാണിക്കുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത്തരം അനധികൃത പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുന്നതായി മെറ്റ അറിയിച്ചിട്ടുണ്ടെങ്കിലും, പലയിടങ്ങളിലും ഇത്തരം വിൽപ്പനകൾ ഇപ്പോഴും തുടരുന്നതാ യാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൈസൻസില്ലാത്ത ഇത്തരം മരുന്നുകൾ വാങ്ങുന്നതിൽ നിന്നും ഉപയോഗിക്കുന്നതിൽ നിന്നും പൊതുജനങ്ങൾ പിന്തിരിയണമെന്ന് ആരോഗ്യ അധികൃതർ കർശന നിർദേശം നൽകി.

