പെർത്ത്: കുട്ടികളെ ഓൺലൈനായി ചൂഷണം ചെയ്ത കേസിൽ പെർത്ത് സ്വദേശിയായ 74-കാരന് പത്ത് വർഷത്തിലധികം തടവുശിക്ഷ വിധിച്ച് കോടതി. ഓസ്ട്രേലിയൻ ഫെഡറൽ പോലീസും (AFP) ബോർഡർ ഫോഴ്സും (ABF) സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് ഫിലിപ്പീൻസിലെ ആറ് പിഞ്ചുകുട്ടികളെ സുരക്ഷിതത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
2025 മെയ് മാസത്തിൽ പെർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് നടത്തിയ പരിശോധനയാണ് കേസിൽ നിർണായകമായത്. വിദേശത്ത് നിന്നെത്തിയ വാളിസ്റ്റൺ സ്വദേശിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് എ.എഫ്.പി നടത്തിയ ഫോറൻസിക് പരിശോധനയിൽ ഫിലിപ്പീൻസിലെ ഒരു സ്ത്രീയുമായി ഇയാൾ നടത്തിയ ചാറ്റുകൾ കണ്ടെത്തി. ഈ ചാറ്റുകളിലൂടെയാണ് കുട്ടികളുടെ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് പോലീസ് കോടതിയെ അറിയിച്ചു.
ഓസ്ട്രേലിയൻ അന്വേഷണ സംഘം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫിലിപ്പീൻസ് അധികൃതർ 2026 ഏപ്രിലിൽ ബിസ്ലിഗ് സിറ്റിയിൽ റെയ്ഡ് നടത്തി. ഇവിടുത്തെ ഒരു വീട്ടിൽ നിന്ന് 32-കാരിയായ യുവതിയെ അറസ്റ്റ് ചെയ്യുകയും ആറ് കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
അന്താരാഷ്ട്ര ഏജൻസികളുടെ കൃത്യമായ ഏകോപനം മൂലമാണ് ഈ കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് എ.എഫ്.പി ഡിറ്റക്റ്റീവ് സൂപ്രണ്ട് പീറ്റർ വാൽ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ഓസ്ട്രേലിയൻ നിയമങ്ങൾ ശക്തമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പെർത്ത് ഡിസ്ട്രിക്ട് കോടതി പ്രതിക്ക് 10 വർഷവും ആറ് മാസവും തടവ് ശിക്ഷ വിധിച്ചു. ആറ് വർഷവും ഒമ്പത് മാസവും പൂർത്തിയാക്കിയാൽ മാത്രമേ ഇയാൾക്ക് പരോളിന് അപേക്ഷിക്കാൻ സാധിക്കൂ.കുട്ടികൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ക്രിമിനൽ നിയമത്തിലെ അഞ്ച് പ്രധാന വകുപ്പുകൾ പ്രകാരമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുട്ടികളെ അപകടപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ സമൂഹവും ജാഗ്രത പാലിക്കണമെന്ന് എ.എഫ്.പി ഓർമ്മിപ്പിച്ചു.

