മുതലപ്പൊഴി അപകടം: കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ചിറയിൻകീഴ് മുതലപ്പൊഴി ഹാർബറിന് സമീപം കടലിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കൊച്ചുമെത്തൻകടവ് കടവത്ത് പുരയിടത്തിൽ അമ്പിളി ഹൗസിൽ ഫ്രീമോൻ (26) എന്ന യുവാവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ചെ കണ്ണാന്തുറ തീരത്ത് നിന്ന് കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് മുതലപ്പൊഴി ഹാർബറിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞത്. ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ നാല് മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് കടലിലേക്ക് പോയിരുന്നത്. അപകടത്തിൽ ജോസിനെയും സ്മിത്തിനെയും മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

ഫ്രീമോനും ഷിജിനും പുലിമുട്ടിന് സമീപം വരെ നീന്തിയെത്തിയതായി മറ്റ് മത്സ്യത്തൊഴിലാളികൾ കണ്ടിരുന്നെങ്കിലും പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയതോടെ ഷിജിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അവിവാഹിതനായിരുന്നു ഫ്രീമോൻ.

Leave a Reply

Your email address will not be published. Required fields are marked *