കോട്ടയം, പത്തനംതിട്ട ജില്ലകളിലുണ്ടായ മിന്നൽപ്രളയം വ്യാപാര മേഖലയെ കനത്ത പ്രതിസന്ധിയിലാക്കി. ഒരു രാത്രികൊണ്ട് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന സാധനങ്ങൾക്കൊപ്പം ഫ്രിഡ്ജ്, ഫ്രീസർ, കമ്പ്യൂട്ടർ, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങളും നശിച്ചതായി വ്യാപാരികൾ അറിയിച്ചു.
പാലാ, ഈരാറ്റുപേട്ട, മൂന്നിലവ്, കളത്തുകടവ്, പൂഞ്ഞാർ, തീക്കോയി, പ്ലാശനാൽ, മുണ്ടക്കയം, പുതുഞ്ചന്ത, മണിമല, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ പ്രളയത്തിലും ഉരുൾപൊട്ടലിലും പൂർണമായോ ഭാഗികമായോ തകർന്നു. നഷ്ടം നികത്തി സ്ഥാപനങ്ങൾ പഴയ നിലയിലാക്കാൻ വലിയ സാമ്പത്തിക ചെലവും ദിവസങ്ങളോളം സമയവും വേണ്ടിവരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
പത്തനംതിട്ട ജില്ലയിലും സൂപ്പർമാർക്കറ്റുകൾ, വസ്ത്രശാലകൾ, പലചരക്ക് കടകൾ, ബേക്കറികൾ, സ്റ്റേഷനറി, ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ തുടങ്ങി ചെറുതും വലുതുമായ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായി. 2018ലെ പ്രളയത്തെ തുടർന്ന് വ്യാപാര മേഖല വീണ്ടും കരകയറുന്നതിനിടെയാണ് പുതിയ ദുരന്തം തിരിച്ചടിയായതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.

