സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രണ്ട് ദിവസത്തിനിടെ 15 മരണം, ആറുപേരെ കാണാതായി

തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 15 പേർ മരിച്ചു. വിവിധ ജില്ലകളിലായി ആറുപേരെ കാണാതായതായി അധികൃതർ അറിയിച്ചു. മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടായെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദുരിതാവസ്ഥ തുടരുകയാണ്.

മഴയിലും മരംകടപുഴകി വീണതുമൂലം ആകെ 323 വീടുകൾ തകർന്നു. ഇതിൽ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും നശിച്ചു. സംസ്ഥാനത്താകെ പ്രവർത്തിക്കുന്ന 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 പേരെ പാർപ്പിച്ചിട്ടുണ്ട്. ഇവരിൽ 3,049 പുരുഷന്മാരും 3,249 സ്ത്രീകളും 1,406 കുട്ടികളും ഉൾപ്പെടുന്നു.

തിരുവനന്തപുരം ജില്ലയിൽ കടലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഫ്രീമോൻ (26), വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽ കാണാതായ ആന്റണി (60) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലും മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ മറ്റ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കൊല്ലം, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ കടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ടയിലെ റാന്നിയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ആറന്മുളയിലും അപ്പർ കുട്ടനാട്ടിലുമടക്കം നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *