കാശ്മീർ താഴ്വരയിൽ മിന്നൽപ്രളയം; സ്ത്രീ മരിച്ചു, വ്യാപക നാശനഷ്ടം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ ഒരു സ്ത്രീ മരിച്ചു. ലോളാബ് മേഖലയിലെ ഹിംലി പ്രദേശത്താണ് സംഭവം. ഒഴുക്കിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

തുടർച്ചയായ കനത്ത മഴയെ തുടർന്ന് കുപ്‌വാര, അനന്ത്നാഗ്, ഷോപിയാൻ, ബന്ദിപ്പോര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിന്നൽപ്രളയവും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തു. നിരവധി റോഡുകൾക്കും പാലങ്ങൾക്കും മറ്റ് അടിസ്ഥാനസൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായി. പഹൽഗാമിലേക്കുള്ള ഐഷ്മുഖം–പഹൽഗാം റോഡിൽ ഗതാഗതം തടസ്സപ്പെട്ടതായും അധികൃതർ അറിയിച്ചു.

ബാധിത പ്രദേശങ്ങളിൽ പൊലീസ്, ദുരന്തനിവാരണ സേന, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും നാശനഷ്ട വിലയിരുത്തലും തുടരുകയാണ്. കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള മേഖലകളിലേക്ക് യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *