മഴക്കെടുതി; ഇടുക്കി ജില്ലയിൽ 1.36 കോടിയുടെ കൃഷിനാശം, 117 റോഡുകൾ തകർന്നു

ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ ഭൂമി കണ്ടെത്താൻ തീരുമാനം. ഇടുക്കി ജില്ലയിലെ മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ലഭ്യമായ റവന്യൂ ഭൂമി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും മന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത 23 കുടുംബങ്ങൾക്ക് താൽക്കാലികമായി വാടക വീടുകൾ ലഭ്യമാക്കാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി.

1.36 കോടിയുടെ കൃഷിനാശം; 117 റോഡുകൾ തകർന്നു

കനത്ത മഴയിൽ ജില്ലയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ 117 റോഡുകൾ തകർന്നു. പൊതുമരാമത്ത് വകുപ്പിന്റെ 46 റോഡുകൾക്ക് 9 കോടിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 71 റോഡുകൾക്ക് 74 ലക്ഷം രൂപയുടെയും നാശനഷ്ടം നിലവിൽ കണക്കാക്കിയിട്ടുണ്ട്. റോഡുകളിലെ തടസ്സങ്ങൾ നീക്കി പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ജില്ലയിൽ 33 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ആകെ 1.36 കോടി രൂപയുടെ കാർഷിക വിളകളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

മൂന്നാറിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും ദേശീയപാത നിർമ്മാണം നടക്കുന്നയിടങ്ങളിലും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു. ദുരന്തനിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ജിയോളജിസ്റ്റ്, പൊതുമരാമത്ത്-ദേശീയപാത എൻജിനീയർമാർ എന്നിവരടങ്ങുന്ന സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകും. ദേവികുളം സബ് കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ഡാമുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല

ഇടുക്കി, മലങ്കര, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് നിലവിൽ സുരക്ഷിതമാണെന്ന് കെ.എസ്.ഇ.ബിയും ഇറിഗേഷൻ വകുപ്പും അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 70 ശതമാനമായിരുന്ന ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 43 ശതമാനം മാത്രമാണ്. റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടതിനെ തുടർന്ന് കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എംഎൽഎമാരായ റോയി കെ പൗലോസ്, സേനാപതി വേണു, എ രാജ, സിറിയക് തോമസ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കളക്ടർ വിഎം ആര്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *