തൊടുപുഴ: കൊച്ചി–മധുര ദേശീയപാതയിൽ വണ്ണപ്പുറം ടൗണിനും ചീങ്കൽ സിറ്റിക്കും ഇടയിലുള്ള പാലം തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമാണവും അറ്റകുറ്റപ്പണികളും നടത്താത്ത പി.ഡബ്ല്യു.ഡി അധികൃതരുടെ അവഗണനയ്ക്കെതിരെ ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ദിനംപ്രതി പതിനായിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് പാലം അതീവ അപകടാവസ്ഥയിൽ തുടരുന്നത്. നിലവിൽ പാലത്തിന്റെ പകുതി ഭാഗത്തെ നിർമാണം അപൂർണമായി ഉപേക്ഷിച്ച നിലയിലാണ്. മഴ കനത്തതോടെ സമീപത്തെ തോട്ടിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയതിനെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കാലപ്പഴക്കവും മഴക്കെടുതിയും കാരണം പാലം എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഉള്ളതെന്നും പ്രദേശവാസികളും കാൽനടയാത്രക്കാരും വലിയ ഭയത്തോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നതെന്നും പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി.
പാതിവഴിയിൽ നിലച്ച പാലത്തിന്റെ പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരം ബി.ജെ.പി ഇടുക്കി ജില്ലാ നോർത്ത് സെക്രട്ടറി പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം പഞ്ചായത്ത് സമിതി പ്രസിഡന്റ് വി.ആർ. സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പി. സജീവൻ, പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തട്ടുപുര, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബാബു പള്ളിപ്പറമ്പ്, ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി അനുരാജ് രാജൻ, മഹിളാ മോർച്ച നേതാക്കളായ മിനി മുരളി, ദീപ ദിനേശൻ എന്നിവർ സംസാരിച്ചു.

