ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ന്യൂഡൽഹി:യെമൻ തീരത്തോട് ചേർന്നുള്ള ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള ചരക്കുകപ്പലായ എം എസ് വി ഫയ്‌സി ന്നൂർ ഒലിയയ്ക്ക് നേരെ ആക്രമണം നടന്നതിനെ തുടർന്ന് കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 14 പേരിൽ 13 പേർ ഇന്ത്യൻ പൗരന്മാരും ഒരാൾ യെമൻ സ്വദേശിയുമായിരുന്നു. യെമൻ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ എല്ലാവരെയും ചികിത്സയ്ക്കും തുടർസഹായത്തിനുമായി യെമനിലെ മോഖ തുറമുഖത്തേക്ക് മാറ്റി.

ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര വാണിജ്യക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ചെങ്കടൽ മേഖലയിലെ സുരക്ഷിതവും തടസ്സരഹിതവുമായ സമുദ്രഗതാഗതം ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. യെമൻ സർക്കാർ അനുകൂല സേന ആക്രമണത്തിന് ഹൂത്തി വിമതരെയാണ് ഉത്തരവാദികളാക്കുന്നതെങ്കിലും, ഇതുവരെ ഹൂത്തികൾ ഔദ്യോഗികമായി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *