മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന അപലപനീയം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:ഗതാഗതമന്ത്രി സി. പി ജോൺ സ്ത്രീകളെ സംബന്ധിച്ച് നടത്തിയ വിവാദ പരാമർശം അത്യന്തം നിന്ദ്യവും അംഗീകരിക്കാനാകാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. മന്ത്രിയുടെ വാക്കുകൾ ഒരു നാക്കുപിഴയല്ലെന്നും, അത് സർക്കാരിന്റെ നയസമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കിയെങ്കിലും ആവശ്യമായ സാമ്പത്തിക തയ്യാറെടുപ്പും മതിയായ ഫണ്ട് വകയിരുത്തലും ഇല്ലാതിരുന്നതിനാൽ കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിയെന്നും, ഭരണപരമായ വീഴ്ചകൾ മറച്ചുവെക്കാൻ സ്ത്രീകളെ കുറ്റപ്പെടുത്തുകയാണ് മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ പരിഹസിക്കുന്ന സമീപനമാണ് മന്ത്രിയുടെ പ്രസ്താവനയിൽ പ്രകടമായതെന്നും, സ്ത്രീകളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ സർക്കാർ തന്നെ ദുർബലമാക്കിയ സാഹചര്യത്തിൽ ഇത്തരമൊരു പരാമർശം കൂടുതൽ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ത്രീശാക്തീകരണ പദ്ധതികളെയും ലൈഫ് മിഷൻ പോലുള്ള ക്ഷേമപദ്ധതികളെയും ബാധിക്കുന്ന സർക്കാർ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു.

സ്ത്രീകൾ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പ്രയോജനം നേടുന്നതും കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗതാഗതമന്ത്രി സി.പി. ജോണിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *