എൻജിൻ തകരാർ; റോ-റോ കടലിലേക്ക് ഒഴുകി, ഫിഷറീസ് വിഭാഗം യാത്രക്കാരെ സുരക്ഷിതരാക്കി

കൊച്ചി: കൊച്ചി–വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ഐഎൻസി (KSINC)യുടെ റോ-റോ കപ്പലിന് സർവീസിനിടെ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകി. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.

സംഭവസമയത്ത് ഒമ്പത് കാറുകളും ഒരു വാനും അമ്പതോളം ഇരുചക്രവാഹനങ്ങളും ഏകദേശം 50 യാത്രക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം പട്രോൾ ബോട്ടുമായി സ്ഥലത്തെത്തി. വടം ഉപയോഗിച്ച് റോ-റോയെ സുരക്ഷിതമായി തീരത്തേക്ക് വലിച്ചെത്തിക്കുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു. ആർക്കും പരിക്കേറ്റിട്ടില്ല.

സബ് ഇൻസ്പെക്ടർ ഷിജു, സിവിൽ പൊലീസ് ഓഫീസർ സി.കെ. വിഷ്ണു, ബോട്ട് സ്രാങ്ക് അജയൻ, ഡ്രൈവർ ഷാജി, സീ റെസ്‌ക്യൂ ഗാർഡുമാരായ ഷെല്ലൻ, ഉദയൻ, വിനു, ജിപ്സൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇവരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് റോ-റോ സർവീസിന്റെ എൻജിൻ തകരാറിനെക്കുറിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച ശേഷമേ ബന്ധപ്പെട്ട കപ്പൽ വീണ്ടും സർവീസിലിറക്കൂ.

Leave a Reply

Your email address will not be published. Required fields are marked *