വാഷിംഗ്ടൺ ഡിസി:ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ ദീർഘദൂര കൃത്യതാ മിസൈലുകളുടെ ശേഖരം ഗണ്യമായി കുറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതോടെ ഭാവിയിൽ ചൈനയോ റഷ്യയോ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സംഘർഷമുണ്ടായാൽ അമേരിക്കയുടെ സൈനിക സജ്ജതയെ ബാധിക്കുമെന്ന ആശങ്ക പ്രതിരോധ വൃത്തങ്ങളിൽ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു.
ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റം (ATACMS), പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ (PrSM) തുടങ്ങിയ ദീർഘദൂര ആയുധങ്ങൾ യുദ്ധത്തിൽ വ്യാപകമായി ഉപയോഗിച്ചതിനാലാണ് ശേഖരം കുറഞ്ഞതെന്നാണ് റിപ്പോർട്ട്. പാട്രിയറ്റ്, THAAD തുടങ്ങിയ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെയും ശേഖരം കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഈ റിപ്പോർട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. അമേരിക്കയ്ക്ക് ആവശ്യത്തിന് ആയുധശേഖരമുണ്ടെന്നും പ്രതിരോധ വ്യവസായങ്ങൾ റെക്കോർഡ് വേഗത്തിൽ മിസൈൽ ഉൽപ്പാദനം വർധിപ്പിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. അമേരിക്കയുടെ പ്രതിരോധ ശേഷിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, യുദ്ധകാലത്ത് ഉപയോഗിച്ച ആയുധങ്ങൾ പുനഃശേഖരിക്കുന്നതിനും ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമായി അമേരിക്ക നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

