ശമ്പള തർക്കം; വിക്ടോറിയയിൽ ഡോക്ടർമാരുടെ ഭാഗിക പണിമുടക്ക് ഓഗസ്റ്റ് 13-ന്

മെൽബൺ: ശമ്പള വർധനവും ജോലി സാഹചര്യങ്ങളും സംബന്ധിച്ച് വിക്ടോറിയൻ സർക്കാരുമായുള്ള ചർച്ചകൾ തടസ്സപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തെ പ്രധാന പൊതു ആശുപത്രികളിലെ ഡോക്ടർമാർ ഭാഗിക പണിമുടക്കിലേക്ക്. ഓഗസ്റ്റ് 13 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 4:00 മണി വരെയാണ് ഡോക്ടർമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുക. കഴിഞ്ഞ 20 വർഷത്തിനിടെ മേഖലയിൽ നടക്കുന്ന ആദ്യ നിയമപരമായ വ്യാവസായിക സമരമാണിത്.

മെൽബൺ സി.ബി.ഡി, പാർക്ക്‌വിൽ ഹെൽത്ത് പ്രിസിങ്ക്ട് എന്നിവയ്ക്ക് കീഴിലുള്ള റോയൽ മെൽബൺ ഹോസ്പിറ്റൽ, റോയൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ, റോയൽ വിമൻസ് ഹോസ്പിറ്റൽ, സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ തുടങ്ങിയ പ്രധാന ആശുപത്രികളെ സമരം ബാധിക്കും.

ഓസ്‌ട്രേലിയൻ സാലറിഡ് മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷൻ , ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ വിക്ടോറിയ എന്നിവയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. ജോലിഭാരവും കടുത്ത മാനസിക സമ്മർദ്ദവും കുറയ്ക്കുക, തക്കതായ വിശ്രമവേളകൾ ഉറപ്പാക്കുക, ശമ്പള വർധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സമര സമയത്ത് അത്യാവശ്യമല്ലാത്ത പരിശോധനകളും അപ്പോയിന്റ്മെന്റുകളും ശസ്ത്രക്രിയകളും മാറ്റിവെക്കും. എന്നാൽ അത്യാഹിത വിഭാഗം , തീവ്രപരിചരണ വിഭാഗം തുടങ്ങിയ അടിയന്തര ജീവൻരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ സമരത്തിൽ പങ്കെടുകില്ല. അതിനാൽ അത്യാവശ്യ ചികിത്സാ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *