കൊച്ചി: ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാറ്റിക് എയർലൈൻസ് വിമാനത്തിൽ യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവിനെ പിടികൂടി. പാലക്കാട് സ്വദേശിയായ ജംഷീറാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ, യുവാവ് ആദ്യം തന്റെ സീറ്റിന് സമീപത്തെ വിമാന ജാലകത്തിന്റെ (വിൻഡോ) അകത്തെ പാനൽ കേടുവരുത്താൻ ശ്രമിച്ചതായാണ് വിവരം. വിൻഡോയ്ക്ക് ഒന്നിലധികം സുരക്ഷാ പാളികളുള്ളതിനാൽ അപകടമുണ്ടായില്ല. തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സഹയാത്രികർ ഇടപെട്ട് തടഞ്ഞതോടെ വലിയ ദുരന്തം ഒഴിവായി.
വിമാനം കൊച്ചിയിൽ ഇറങ്ങാൻ ഏകദേശം അരമണിക്കൂർ ബാക്കിയുള്ളപ്പോഴാണ് സംഭവം ഉണ്ടായത്. സഹയാത്രികർ യുവാവിനെ നിയന്ത്രണത്തിലാക്കി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് സിഐഎസ്എഫ് ഇയാളെ നെടുമ്പാശേരി പോലീസിന് കൈമാറി. സംഭവത്തിൽ വിശദമായ ചോദ്യംചെയ്യൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

